Thursday, December 25, 2025

പ്രവാസികള്‍ക്കും ആശ്വാസം; സൗദി അറേബ്യയില്‍ ബാങ്ക് സേവന നിരക്കുകള്‍ വെട്ടിക്കുറച്ചു

റിയാദ്: സൗദി അറേബ്യയിലെ ബാങ്കിങ് സേവന നിരക്കുകള്‍ കുറച്ചുകൊണ്ട് സൗദി സെന്‍ട്രല്‍ ബാങ്ക് ഉത്തരവിറക്കി. റിയല്‍ എസ്റ്റേറ്റ് ഇതര വായ്പകള്‍ക്ക് ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ് ഈ പുതിയ മാറ്റങ്ങള്‍.

പേഴ്‌സണല്‍ ലോണുകള്‍, വാഹന വായ്പകള്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് ഇതര വായ്പകള്‍ക്ക് മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം (പരമാവധി 5,000 റിയാല്‍) വരെയാണ് അഡ്മിനിസ്ട്രേറ്റീവ് ഫീസായി ഈടാക്കിയിരുന്നത്. ഇത് 0.5 ശതമാനമായി (പരമാവധി 2,500 റിയാല്‍) വെട്ടിക്കുറച്ചു.

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പര്‍ച്ചേസുകള്‍ക്ക് ഈടാക്കുന്ന ഫീസ് ഇടപാട് തുകയുടെ രണ്ട് ശതമാനമായി നിജപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തുള്ള എടിഎമ്മുകളില്‍ നിന്ന് ‘മദ’ (Mada) കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍, ഇടപാട് തുകയുടെ മൂന്ന് ശതമാനം മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂ. ഇത് പരമാവധി 25 റിയാലായി നിശ്ചയിച്ചു. ബാങ്ക് കാര്‍ഡുകള്‍ വീണ്ടും ലഭ്യമാക്കുന്നതിനുള്ള (Re-issue) നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്.

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സാമ്പത്തിക രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ നിരക്കുകള്‍ സഹായിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു. പുതിയ താരിഫുകള്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!