ഓട്ടവ : യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്കായി പുതിയ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഫെഡറൽ സർക്കാർ. സതേൺ കാലിഫോർണിയയിൽ തുടരുന്ന കനത്ത മഴയും പ്രളയസാധ്യതയും കണക്കിലെടുത്ത് യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. പ്രളയം മൂലം വൈദ്യുതി, ഭക്ഷണം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ ഈ പ്രദേശങ്ങളിലുള്ള കനേഡിയൻ പൗരന്മാർ പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഒഴിപ്പിക്കൽ ഉത്തരവുകൾ ഉണ്ടായാൽ സഹകരിക്കണമെന്നും യാത്രാ മുന്നറിയിപ്പിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ക്രിസ്മസ് അവധിക്കാലത്തുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ കാലിഫോർണിയയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. നിലവിൽ ലൊസാഞ്ചലസ്, സാൻ ഡീഗോ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രളയവും ഉരുൾപൊട്ടലും തുടരുന്നതിനാൽ ഇവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളം കയറിയ റോഡുകളിലൂടെ വാഹനം ഓടിക്കരുതെന്നും അരുവികളിൽ നിന്നും പുഴകളിൽ നിന്നും വിട്ടുനിൽക്കണമെന്നും നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി.
