ഓട്ടവ : അമേരിക്കൻ ഹെൽത്ത് ഏജൻസികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കനേഡിയൻ ആരോഗ്യമന്ത്രി മർജോറി മിഷേൽ. ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസിലെ പൊതുജനാരോഗ്യ സംവിധാനം തകർക്കപ്പെടുകയാണെന്നും കാനഡയ്ക്ക് ഇനി അമേരിക്കയെ വിശ്വസനീയമായ പങ്കാളിയായി കാണാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വിവരങ്ങൾക്കും ശാസ്ത്രീയമായ ഡാറ്റയ്ക്കും മുൻപ് അമേരിക്കയെയാണ് കാനഡ ആശ്രയിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ മാറ്റങ്ങൾ ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു.

സിഡിസി (CDC), എൻഐഎച്ച് (NIH) തുടങ്ങിയ സ്ഥാപനങ്ങളുടെ ബജറ്റിൽ ട്രംപ് സർക്കാർ വലിയ വെട്ടിക്കുറയ്ക്കൽ വരുത്തിയത് ശാസ്ത്രീയ ഗവേഷണങ്ങളെ ബാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിശ്വസനീയമായ പുതിയ പങ്കാളികളെ കാനഡ തേടുകയാണെന്നും മിഷേൽ കൂട്ടിച്ചേർത്തു. നവജാതശിശുക്കൾക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുന്നത് അവസാനിപ്പിക്കാൻ ട്രംപിന്റെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നിയമിച്ച സമിതി ശുപാർശ ചെയ്തതാണ് കാനഡയെ പ്രധാനമായും പ്രകോപിപ്പിച്ചത്.
