ടൊറൻ്റോ : ടൊറൻ്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. ടൊറൻ്റോ സർവ്വകലാശാലയിലെ സ്കാർബറോ കാമ്പസിന് സമീപം വെടിയേറ്റു മരിച്ച ശിവാങ്ക് അവസ്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. പ്രാദേശിക അധികാരികളുമായി ചേർന്ന് അന്വേഷണ കാര്യങ്ങളിൽ സജീവമായി ഇടപെട്ടു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിംഗ്സ്റ്റൺ റോഡിനും സമീപമാണ് ശിവാങ്ക് അവസ്തിക്ക് വെടിയേറ്റത്. പോലീസ് എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഈ വർഷം ടൊറൻ്റോയിൽ നടക്കുന്ന 41-ാമത്തെ കൊലപാതകമാണിത്.

ടൊറൻ്റോയിൽ താമസിക്കുന്ന ഹിമാൻഷി ഖുറാന എന്ന 30 വയസ്സുള്ള മറ്റൊരു ഇന്ത്യൻ സ്വദേശിനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അബ്ദുൾ ഗഫൂറിനായി പൊലീസ് കാനഡയിലുടനീളം തിരച്ചിൽ ഊർജ്ജിതമാക്കി. ഈ രണ്ട് ദാരുണ സംഭവങ്ങളിലും ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
