സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. വെള്ളിയാഴ്ച വൈകുന്നേരം മുതൽ പ്രവിശ്യയിലുടനീളം ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഏജൻസി അറിയിച്ചു. ബേ വെർട്ടെ പോലുള്ള പ്രദേശങ്ങളിൽ ശനിയാഴ്ചയോടെ 60 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ‘വിന്റർ സ്റ്റോം വാണിങ്’ പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഞ്ഞും കാരണം പലയിടങ്ങളിലും ദൃശ്യപരത കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ന്യൂഫിൻലൻഡിന് പുറമെ തെക്കൻ ഒന്റാരിയോയിലും മഞ്ഞുമഴയും മഞ്ഞുവീഴ്ചയും മൂലം ജനജീവിതം ദുസ്സഹമാകാൻ സാധ്യതയുണ്ട്. സസ്കാച്വാൻ, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകളിൽ കനത്ത മൂടൽമഞ്ഞും മഞ്ഞുവീഴ്ചയും കാരണം ദൃശ്യപരത പൂജ്യത്തിനടുത്തേക്ക് താഴാൻ ഇടയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശൈത്യകാല കൊടുങ്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
