ടൊറന്റോ : നഗരത്തിൽ ഇന്നും കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. 12 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ ദൃശ്യപരത കുറയാനും റോഡുകളിലും നടപ്പാതകളിലും വഴുക്കലുണ്ടാകാനും സാധ്യതയുണ്ടെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

മഞ്ഞുവീഴ്ചയെത്തുടർന്ന് ടൊറന്റോ സിറ്റി ഭരണകൂടം റോഡുകളിൽ ഉപ്പ് വിതറുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ അഞ്ച് സെന്റിമീറ്ററിലധികം മഞ്ഞ് അടിഞ്ഞുകൂടിയാൽ ഉടൻ തന്നെ അവ നീക്കം ചെയ്യാനുള്ള ജോലികൾ തുടങ്ങും. റസിഡൻഷ്യൽ മേഖലകളിൽ എട്ട് സെന്റിമീറ്റർ വരെ മഞ്ഞ് വീണാലായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ബോക്സിങ് ഡേ തിരക്കുകൾക്കിടയിൽ കാലാവസ്ഥ മോശമാകുന്നത് ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
