ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം പാക്കിസ്ഥാനില്‍ നിന്ന് പ്രൊഫഷണലുകളുടെ വന്‍തോതിലുള്ള കൂട്ടപ്പലായനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ രാജ്യം വിട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മാസത്തിനിടെ പാക്കിസ്ഥാനില്‍ നിന്ന് 5,000 ഡോക്ടര്‍മാരും 11,000 എഞ്ചിനീയര്‍മാരും 13,000 അക്കൗണ്ടന്റുമാരും രാജ്യം വിട്ടു. ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്മെന്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2024-ല്‍ മാത്രം ഏഴ് ലക്ഷത്തിലധികം പാക്കിസ്ഥാ നികള്‍ വിദേശ ജോലിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2025 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 6.8 ലക്ഷം പേര് കൂടി ഈ പട്ടികയില്‍ ഇടംപിടിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴിലാളികള്‍ക്ക് പുറമെ, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച പ്രൊഫഷണലുകളാണ് ഇപ്പോള്‍ കൂട്ടത്തോടെ നാടുവിടുന്നത്.

രാജ്യത്തെ തകര്‍ന്ന സാമ്പത്തികാവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാഷ്ട്രീയമായ വേട്ടയാടലുകള്‍ എന്നിവയാണ് പ്രൊഫഷണലുകളെ വിദേശത്തേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനുപുറമെ ഇന്റര്‍നെറ്റ് നിരോധനം പോലുള്ള നടപടികള്‍ ഫ്രീലാന്‍സ് മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഈ കൂട്ടപ്പലായനത്തെ ‘ബ്രെയിന്‍ ഗെയിന്‍’ (Brain Gain) എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി ജനറല്‍ ആസിം മുനീറിന്റെ പ്രസ്താവനക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. പ്രൊഫഷണലുകള്‍ക്ക് പകരം വയ്ക്കാന്‍ ആളില്ലാത്ത അവസ്ഥ രാജ്യത്തെ ആരോഗ്യ-സാങ്കേതിക മേഖലകളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മുന്‍ സെനറ്റര്‍ മുസ്തഫ നവാസ് ഖോഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ഉദ്യോഗസ്ഥരെ തടയാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
