വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ 29 തിങ്കളാഴ്ച ഫ്‌ലോറിഡയിലാകും ഇരുവരും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച നടക്കുക.
ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാന്‍ ട്രംപ് ഭരണകൂടം വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് നെതന്യാഹു ട്രംപിനെ സന്ദര്‍ശിക്കുന്നത്.

ഹമാസ് നിരായുധീകരിക്കപ്പെടുക, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുക, പ്രദേശത്തിന്റെ ഭരണം നിര്‍വഹിക്കാന്‍ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇസ്രായേല്‍. ഒരു ടെക്‌നോക്രാറ്റിക് ഗവണ്‍മെന്റിനെ അവിടെ അധികാരത്തിലേറ്റുന്ന കാര്യവും അമേരിക്ക പരിഗണിക്കുന്നുണ്ട്.
ഇറാന്റെ ആണവ പദ്ധതിയോടുള്ള ആശങ്കയും ബാലിസ്റ്റിക് മിസൈല്‍ ശേഷിയും കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ടയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയയുമായുള്ള സുരക്ഷാ കരാര്‍, ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ തുടങ്ങിയ പ്രാദേശിക വിഷയങ്ങളും ഇരു നേതാക്കളും സംസാരിക്കും.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതിലും സമാധാന ചര്‍ച്ചകള്‍ വൈകുന്നതിലും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നെതന്യാഹുവിനോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗസ്സയിലെ സാധാരണക്കാരുടെ മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളും സമാധാന കരാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു.
