ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നത്തെ ഭാരതം സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന കാര്യം ലോകം വ്യക്തമായി കണ്ടുവെന്നും ഇന്ത്യയുടെ ശക്തി ആഗോളതലത്തില്‍ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാന്‍ കീ ബാത്ത് പരിപാടിയില്‍ സംസാരിക്കവേ, ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെ ദൃശ്യങ്ങള്‍ ഉയര്‍ന്നുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. അത് ഇന്ത്യയോടുള്ള ആഗോള വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷ മുതല്‍ കായിക രംഗം വരെ, ശാസ്ത്ര ലബോറട്ടറികളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ വേദികളിലേക്കും ഇന്ത്യ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മോദി പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി മെഡലുകള്‍ നേടി പാരാ അത്‌ലറ്റുകള്‍ ധൈര്യത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ ഒരു തടസത്തിനും നിലനില്‍ക്കാനാവില്ലെന്ന് തെളിയിച്ചുവെന്നും അദ്ദേഹം അഭിനന്ദിച്ചു.
കായിക രംഗത്തെ മറ്റൊരു ചരിത്ര നേട്ടമായി, ഇന്ത്യയുടെ പെണ്‍മക്കള്‍ വനിതാ ബ്ലൈന്‍ഡ് ടി20 ലോകകപ്പ് സ്വന്തമാക്കി രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഏഷ്യാ കപ്പ് ടി20 മത്സരങ്ങളിലും ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ പറന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
