ഇസ്ളാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ബങ്കറിൽ ഒളിക്കാൻ തന്റെ സൈനികകാര്യ സെക്രട്ടറി ഉപദേശം നൽകിയതായും നേതാക്കൾ ബങ്കറുകളിലല്ല, യുദ്ധക്കളത്തിലാണ് മരിക്കുന്നതെന്നും താൻ പറഞ്ഞതായും പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ വെളിപ്പെടുത്തൽ. രക്തസാക്ഷിത്വം സംഭവിക്കുകയാണെങ്കിൽ അത് ഇവിടെത്തന്നെ സംഭവിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. യുദ്ധം ഉണ്ടാകുമായിരുന്നെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും സർദാരി അവകാശപ്പെട്ടു. അതേ സമയം സർദാരിയുടെ പ്രസംഗത്തെ പൊളിച്ച് വിരമിച്ച ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തി. പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒന്നടങ്കം ബങ്കറുകളിൽ ഒളിച്ചിരിക്കുകയായിരുന്നു എന്ന് ലഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൺ (റിട്ട.) വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യ ആക്രമിക്കുമ്പോൾ പാക്ക് സൈനിക മേധാവി അസിം മുനീർ പോലും ബങ്കറിനുള്ളിലായിരുന്നു.

രാഷ്ട്രീയനേതൃത്വവും സൈനിക കമാൻഡർമാരും ബങ്കറുകളിലായിരുന്നു. അവരുടെ സൈനികർ മാത്രമാണ് പോരാടിയത്. അവർ കൊല്ലപ്പെടുകയും ചെയ്തു. നാലു ദിവസം മുമ്പറിഞ്ഞെങ്കിൽ 9 ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ പതിച്ചത് എന്തുകൊണ്ട് തടഞ്ഞില്ലെന്നും ധില്ലൺ ചോദിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തെ തുടർന്നാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 26 പേരാണ് കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മെയ് 7ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ മൂന്നുദിവസം കഴിഞ്ഞാണ് അവസാനിച്ചത്.
