Sunday, December 28, 2025

”ബ്രിട്ടൻ്റെ മക്കൾ ഏത്‌ സാഹചര്യവും നേരിടണം”യുവാക്കൾക്ക് 2026 മുതൽ സൈനികപരിശീലനം

ലണ്ടൻ: ലോകമെങ്ങും യുദ്ധഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി യുവജനങ്ങളെ ഒരുക്കാൻ ‘ഗ്യാപ് ഇയർ’ (Gap Year) സൈനിക പരിശീലന പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. 25 വയസ്സിൽ താഴെയുള്ള യുവാക്കളെ ഉൾപ്പെടുത്തിയാണ്‌ പദ്ധതി ഒരുക്കുന്നത്‌. ഈ പൈലറ്റ് പ്രോജക്റ്റ് 2026 മാർച്ചിൽ ആരംഭിക്കും. ‘ബ്രിട്ടന്റെ ‘മക്കൾ’ ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സൈനിക മേധാവി എയർ ചീഫ് മാർഷൽ സർ റിച്ച് നൈറ്റൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെ സൈനിക സംസ്കാരവുമായി അടുപ്പിക്കാനുള്ള സർക്കാരിന്റെ ഈ സുപ്രധാന നീക്കം. സൈനിക ജീവിതം പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കവും പ്രായോഗിക നൈപുണ്യങ്ങളും വളർത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്‌. ആദ്യഘട്ടത്തിൽ 150 പേർക്ക്‌ പരിശീലനം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തോടു കൂടിയ രണ്ട് വർഷത്തെ പ്ലേസ്‌മെന്റാണ് ആർമിയിൽ ലഭിക്കുക. റോയൽ നേവിയിൽ ഇത് ഒരു വർഷമായിരിക്കും.

റോയൽ എയർഫോഴ്‌സും സമാനമായ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. 13 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനത്തിന് ശേഷം ഇവർക്ക് സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാമെങ്കിലും യുദ്ധമുഖങ്ങളിൽ വിന്യസിക്കില്ല. പരിശീലനം പൂർത്തിയാക്കിയ ശേഷം സൈന്യത്തിൽ തന്നെ തുടരണമെന്ന് നിർബന്ധമില്ല. ഇവർക്ക് മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യമുണ്ടാകും. റഷ്യയിൽ നിന്നുള്ള ഭീഷണികൾ കൂടി വരുന്ന സാഹചര്യവും പരിഗണിക്കുന്നുണ്ട്‌. സൈന്യം മാത്രമല്ല സമൂഹം മുഴുവൻ രാജ്യരക്ഷയുടെ ഭാഗമാകണം എന്ന നയത്തിൻ്റെ ഭാഗമാണിത്‌. ഓസ്‌ട്രേലിയയിൽ നിലവിൽ ഗ്യാപ് ഇയർ പദ്ധതി നടപ്പിലാക്കുന്നുണ്ട്‌. ബ്രിട്ടനിൽ ഒരു വർഷം ആയിരത്തിലധികം യുവാക്കളെ പദ്ധതിയിൽ കൊണ്ടുവരണമെന്നാണ്‌ ലക്ഷ്യം. സ്ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സൈന്യത്തിൽ ചേരാനുള്ള താത്‌പര്യം കൂടുമെന്ന്‌ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!