വാഷിങ്ടൺ: 2026-ലെ അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് മുൻ സ്പീക്കർ നാൻസി പെലോസി. എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’എന്ന പരിപാടിയിൽ സംസാരിക്കവെയാണ് 85-കാരിയായ പെലോസി തന്റെ രാഷ്ട്രീയ പ്രവചനം നടത്തിയത്.
ഡെമോക്രാറ്റുകൾ സഭയിൽ ഭൂരിപക്ഷം നേടുമെന്നും ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധി ഹക്കീം ജെഫ്രീസ് അടുത്ത സ്പീക്കറാകുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും അവർ വ്യക്തമാക്കി. ജെഫ്രീസ് സഭയെ ഒന്നിപ്പിക്കാൻ കഴിവുള്ള മികച്ച നേതാവാണെന്നും അവർ വിശേഷിപ്പിച്ചു. നിലവിൽ സഭ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി തങ്ങളുടെ അധികാരം പൂർണ്ണമായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അടിയറവ് വച്ചു. ഭരണഘടനാനുസൃതമായ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ റിപ്പബ്ലിക്കൻമാർ ഇല്ലാതാക്കിയെന്നും, ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നതോടെ ഈ അവസ്ഥ മാറുമെന്നും പെലോസി പറഞ്ഞു.

നവംബറിലെ ഗാലപ്പ് പോൾ പ്രകാരം ട്രംപിന്റെ ജനപ്രീതി 36% ആയി കുറഞ്ഞത് റിപ്പബ്ലിക്കൻ പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കൂടാതെ മിച്ച് മക്കോണൽ ഉൾപ്പെടെയുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾ വിരമിക്കൽ പ്രഖ്യാപിച്ചതും ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. 2027 ജനുവരിയിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനിരിക്കുന്ന നാൻസി പെലോസി, സഭയുടെ അധികാരം ഡെമോക്രാറ്റുകളെ ഏൽപ്പിക്കുക എന്നത് തന്റെ അവസാനത്തെ പ്രധാന ദൗത്യമായിട്ടാണ് കാണുന്നത്. അമേരിക്കൻ ജനതയുടെ നന്മയിൽ തനിക്ക് വിശ്വാസമുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ പ്രതീക്ഷ നൽകുമെന്നും പെലോസി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
