തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ ഒടുവില്‍ പിടിയിലായി. തെങ്കാശിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അപ്രതീക്ഷിതമായി പൊലീസിന്റെ വലയിലായത്. വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ബാലമുരുകനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് വ്യാപക തിരച്ചിലിലായിരുന്നു.
ബന്തക്കുടിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് നവംബറില്‍ വിയ്യൂര്‍ ജയിലില്‍ നിന്നാണ് തമിഴ്നാട് പൊലീസ് ബാലമുരുകനെ കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ വിയ്യൂരിലേക്ക് എത്തിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ ഇയാള്‍ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ ബാലമുരുകന്‍ ആട് മേയ്ക്കുന്നവരുടെ വേഷത്തില്‍ ഭാര്യയെ കാണാന്‍ വീട്ടിലെത്തിയെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് കടയത്തിനടുത്തുള്ള കുന്നിന്‍ മുകളിലേക്ക് ഓടിക്കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതിനിടെ ബാലമുരുകനെ കാണാത്തതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബാലമുരുകന്‍ ആശുപത്രിയില്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ പൊലീസ് അവിടെയും കാവല്‍ നിന്നിരുന്നെങ്കിലും ഇയാള്‍ എത്തിയില്ല.
തെങ്കാശിയില്‍ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ബാലമുരുകന്‍ അപ്രതീക്ഷിതമായി പൊലീസിന്റെ കൈകളില്‍ പെടുന്നത്. കൊലപാതകം ഉള്‍പ്പെടെ 53 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തെങ്കാശി സ്വദേശിയായ ബാലമുരുകന്‍. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഉടന്‍ തന്നെ വിയ്യൂര്‍ ജയിലിലേക്ക് എത്തിക്കും.
