ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ തടവറയിലെ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സംഘടന. ശുദ്ധമല്ലാത്ത കുടിവെള്ളം, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സെല്ല്, നിരന്തരമായ ഏകാന്തവാസം എന്നിവ ചൂണ്ടിക്കാട്ടി പീഡനവിരുദ്ധ കാര്യങ്ങള്‍ക്കായുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ആലീസ് ജില്‍ എഡ്വേഡ്സാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ബുഷ്‌റ ബീബിയെ പാര്‍പ്പിച്ചിരിക്കുന്നത് പ്രാണികളും എലികളും നിറഞ്ഞ, അങ്ങേയറ്റം വൃത്തിഹീനമായ ചെറിയ സെല്ലിലാണെന്ന് യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. മതിയായ വായുസഞ്ചാരമില്ലാത്ത ഈ സെല്ലില്‍ അമിതമായ ചൂടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അവര്‍ക്ക് നല്‍കുന്നത് ശുദ്ധമല്ലാത്ത കുടിവെള്ളമാണെന്നും, കഴിക്കാന്‍ യോഗ്യമല്ലാത്ത തരത്തില്‍ അമിതമായി മുളകുപൊടി ചേര്‍ത്ത ഭക്ഷണമാണ് നല്‍കുന്നതെന്നും ആരോപണമുണ്ട്. ജയിലിലെ ഈ സാഹചര്യങ്ങള്‍ കാരണം ബുഷ്‌റ ബീബിക്ക് 15 കിലോയോളം തൂക്കം കുറയുകയും ആരോഗ്യനില വഷളാവുകയും ചെയ്തിട്ടുണ്ട്.

ദിവസവും 22 മണിക്കൂറിലധികം ബുഷ്‌റ ബീബിയെ ഏകാന്തതടവില്‍ പാര്‍പ്പിക്കുകയാണ്. വായനയ്ക്കുള്ള സൗകര്യമോ, കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാനുള്ള അനുമതിയോ പലപ്പോഴും നല്‍കുന്നില്ല. ഇത് അവരുടെ മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുഷ്‌റ ബീബിയുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ബാധ്യസ്ഥരാണെന്ന് ആലീസ് ജില്‍ എഡ്വേഡ്സ് ഓര്‍മ്മിപ്പിച്ചു. അവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര നിലവാരമുള്ള ജയില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെയും ബുഷ്‌റ ബീബിയെയും തോഷാഖാന അഴിമതിക്കേസില്‍ കഴിഞ്ഞ 20 ന് അഴിമതി വിരുദ്ധ കോടതി 17 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. 2021ല്‍ സൗദി അറേബ്യന്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള കേസ്. വിലകൂടിയ വാച്ചുകള്‍, വജ്രം, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ‘തോഷാഖാന’യില്‍ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയല്‍ ചെയ്തത്.
