ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വിഷ്ണുഗഡ്-പിപല്‍കോടി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ രണ്ട് ലോക്കോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൊഴിലാളികളുമായി പോയ ട്രെയിന്‍ നിര്‍മ്മാണ സാമഗ്രികളുമായി വന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയത്ത് ട്രെയിനില്‍ 109 ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഷിഫ്റ്റ് മാറുന്ന സമയത്താണ് അപകടം നടന്നത്. പരുക്കേറ്റവരില്‍ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപല്‍കോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ നാലോ അഞ്ചോ പേരുടെ നില ഗുരുതരമാണെന്നും അവര്‍ക്ക് അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.

അളകനന്ദ നദിയില്‍ നിര്‍മ്മിക്കുന്ന 444 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിലാണ് അപകടമുണ്ടായത്. ടിഎച്ച്ഡിസി (THDC) ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നത്. തുരങ്കത്തിനുള്ളില്‍ തൊഴിലാളികളെയും നിര്‍മ്മാണ സാമഗ്രികളെയും എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ചെറിയ ലോക്കോ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമല്ലെന്നും പദ്ധതിയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സംവിധാനമാണെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
അപകടത്തെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജില്ലാ കളക്ടറുമായി സംസാരിക്കുകയും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ചയും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രാത്രി തന്നെ മുഴുവന്‍ തൊഴിലാളികളെയും തുരങ്കത്തിന് പുറത്തെത്തിക്കാന്‍ സാധിച്ചു.
