Wednesday, December 31, 2025

അല്‍ഖ്വയ്ദ ഭീകരന്റെ അഭിഭാഷകനെ നിയമോപദേശകനാക്കി; സൊഹ്‌റാന്‍ മംദാനിക്കെതിരെ വിമര്‍ശനം

ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുടെ നിയമനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്നു. അല്‍-ഖ്വയ്ദ ബന്ധമുള്ള കുറ്റവാളികളെയും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭകരെയും കോടതിയില്‍ പ്രതിരോധിച്ച പ്രൊഫസര്‍ റംസി ഖാസമിനെ സിറ്റിയുടെ ചീഫ് കൗണ്‍സിലായി (Chief Counsel) നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

2002-ല്‍ യമന്‍ തീരത്ത് ഫ്രഞ്ച് എണ്ണക്കപ്പല്‍ ബോംബിട്ട് തകര്‍ത്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അല്‍-ഖ്വയ്ദ ഭീകരന്‍ അഹമ്മദ് അല്‍-ദര്‍ബിയുടെ അഭിഭാഷകനായിരുന്നു റംസി ഖാസം. കൂടാതെ, ഗ്വാണ്ടനാമോ ബേയിലെ തടവുകാരെ പ്രതിരോധിച്ചതും അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡിലുണ്ട്. ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ (CUNY) നിയമ പ്രൊഫസര്‍ കൂടിയായ ഖാസം, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളിലെ നേതാക്കളെയും നിയമപരമായി സഹായിച്ചിരുന്നു.

മംദാനിയുടെ ഈ നീക്കത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും യാഥാസ്ഥിതിക വിഭാഗങ്ങളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദികളോടും ഇസ്രായേല്‍ വിരുദ്ധരോടും മൃദുസമീപനം പുലര്‍ത്തുന്ന ഒരാളെ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമ പദവിയില്‍ ഇരുത്തുന്നത് സുരക്ഷയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.

എന്നാല്‍, നിയമവ്യവസ്ഥയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടുന്ന കരുത്തനായ അഭിഭാഷകനാണ് ഖാസം എന്നാണ് മംദാനിയുടെ നിലപാട്. സിറ്റി ഹാളിന്റെ നിയമപരമായ കാര്യങ്ങളില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും മംദാനി വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ മംദാനി നേരത്തെ തന്നെ ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ്. ഈ പുതിയ നിയമനം ന്യൂയോര്‍ക്കിലെ ജൂത വിഭാഗങ്ങള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!