ഓട്ടവ: മദ്യപിച്ച് വിമാനം പറത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ പൈലറ്റിനെ കാനഡയില്‍ കസ്റ്റഡിയിലെടുത്തു. വന്‍കൂവര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 186 (AI 186) വിമാനത്തിലെ പൈലറ്റാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ഡിസംബര്‍ 23-നായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിന് മുന്‍പായി പൈലറ്റ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മദ്യം വാങ്ങാന്‍ എത്തിയിരുന്നു. ഈ സമയത്ത് പൈലറ്റിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും മദ്യത്തിന്റെ മണം അനുഭവപ്പെടുകയും ചെയ്ത ഡ്യൂട്ടി ഫ്രീ ജീവനക്കാരനാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൈലറ്റിനെ ബ്രെത്ത് അനലൈസര്‍ (Breath Analyzer) പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ അദ്ദേഹം മദ്യപിച്ചിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പൈലറ്റിന്റെ നടപടി കാരണം വൈകിയത്. തുടര്‍ന്ന് എയര്‍ ഇന്ത്യ മറ്റൊരു പൈലറ്റിനെ ക്രമീകരിക്കുകയും രണ്ട് മണിക്കൂര്‍ വൈകി വിമാനം ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു. വിമാനം വൈകിയതില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.
സംഭവത്തില്‍ എയര്‍ ഇന്ത്യയും വിമാനയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയും (DGCA) അന്വേഷണം ആരംഭിച്ചു. പൈലറ്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
