ടൊറൻ്റോ : അലർജിക്ക് സാധ്യതയുള്ളതിനാൽ ഒൻ്റാരിയോയിലുടനീളം വിറ്റ കുക്കിസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഒരു കിലോഗ്രാം വലിപ്പമുള്ള അയൺ കെറ്റിൽ ബ്രാൻഡ് ജിഞ്ചർ മൊളാസസ് കുക്കിസ് ആണ് പാക്കറ്റിൽ രേഖപ്പെടുത്താത്ത മുട്ട അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചത്.

ഉപഭോക്തൃ പരാതിയെ തുടർന്നാണ് ഈ ഉൽപ്പന്നം തിരിച്ചുവിളിച്ചതെന്ന് ഏജൻസി പറയുന്നു. ഉൽപ്പന്നത്തിന്‍റെ ഉപഭോഗവുമായി ബന്ധപ്പെട്ട ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫെഡറൽ ഏജൻസി കൂട്ടിച്ചേർത്തു. ഭക്ഷ്യ സുരക്ഷാ അന്വേഷണം നടത്തുന്നുണ്ടെന്നും മറ്റ് ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചേക്കാമെന്നും CFIA പറഞ്ഞു. അലർജി ഉള്ളവർ ജിഞ്ചർ മൊളാസസ് കുക്കിസ് ഉപയോഗിക്കരുത്. അവ ഗുരുതരമോ ജീവന് ഭീഷണിയോ ആയ രോഗാവസ്ഥയ്ക്ക് കാരണമാകും. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണം.
