മസ്കത്ത്: ഒമാന്റെ വടക്കന്‍ മേഖലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (CAA) മുന്നറിയിപ്പ് നല്കി. ഇറാനില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ഒമാന്‍ കടല്‍ കടന്ന് തീരദേശ ഗവര്‍ണറേറ്റുകളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ പ്രതിഭാസമെന്ന് നാഷണല്‍ മള്‍ട്ടി-ഹാസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റര്‍ അറിയിച്ചു.
തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, മസ്കത്ത്, മുസന്ദം ഗവര്‍ണറേറ്റുകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന പ്രദേശങ്ങളെ ഈ അന്തരീക്ഷ പ്രതിഭാസം ബാധിക്കുമെന്ന് നാഷണല്‍ മള്‍ട്ടി-ഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ അറിയിച്ചു.

താമസക്കാരും യാത്രക്കാരും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാകും. പൊടിപടലങ്ങളുടെ ഉയര്‍ന്ന സാന്ദ്രത ആരോഗ്യപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതും താപനിലയില്‍ ഉണ്ടായ കുറവുമാണ് ഈ പൊടിപടലങ്ങള്‍ ഒമാനിലേക്ക് എത്താന്‍ കാരണമായത്. വരും ദിവസങ്ങളിലും അന്തരീക്ഷം ഇത്തരത്തില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ വരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
