ഷാർലെറ്റ്ടൗൺ : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ (പിഇഐ) ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. പ്രിൻസ്, ക്വീൻസ് കൗണ്ടികൾക്കായി ഏജൻസി പ്രത്യേക കാലാവസ്ഥാ പ്രസ്താവന പുറപ്പെടുവിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ചയിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വ്യാഴാഴ്ച വൈകുന്നേരമാകും ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുകയെന്നും ഇത് യാത്രാ സാഹചര്യങ്ങൾ ദുസ്സഹമാക്കിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വിമാന സർവീസുകളെയും പൊതുഗതാഗതത്തെയും മഞ്ഞുവീഴ്ച ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ അന്വേഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രവിശ്യയുടെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിലാകും മഞ്ഞുവീഴ്ചയുടെ ആഘാതം കൂടുതൽ പ്രകടമാകുക.
