ടെഹ്റാന്: സാമ്പത്തിക പ്രതിസന്ധിയും കടുത്ത വിലക്കയറ്റവും മൂലം ഇറാനില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരുക്കേറ്റതായും ഇറാന് അധികൃതര്‍ സ്ഥിരീകരിച്ചു.
പടിഞ്ഞാറന്‍ ഇറാനിലെ ലോര്‍ദ്ഗന്‍ , ഇസ്ഫഗാന്‍ എന്നീ നഗരങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. ഇവിടെയാണ് സുരക്ഷാ സേനയും സമരക്കാരും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ നടന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് ഇറാന്റെ കറന്‍സിയായ ‘റിയാലിന്റെ’ മൂല്യം കുത്തനെ ഇടിഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബറില്‍ രാജ്യത്തെ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയര്‍ന്നത്.
ഭക്ഷണസാധനങ്ങള്‍ക്കും അത്യാവശ്യ വസ്തുക്കള്‍ക്കും തീവിലയായതോടെ വ്യാപാരികളാണ് ആദ്യം കടകളടച്ച് സമരത്തിനിറങ്ങിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളും പൊതുജനങ്ങളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രയേലുമായി നടന്ന 12 ദിവസം നീണ്ട സംഘര്‍ഷം ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തിരുന്നു. ഇതിനുപിന്നാലെ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ സാമ്പത്തിക ഉപരോധങ്ങളും കറന്‍സി മൂല്യത്തകര്‍ച്ചയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. പ്രതിഷേധം ശക്തമായതോടെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാര്സിന് രാജിവച്ചിരുന്നു.
ഗവണ്മെന്റ് കെട്ടിടങ്ങള്‍ക്കും പൊതുമുതലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഗവണ്മെന്റ് വ്യക്തമാക്കുമ്പോഴും, അക്രമം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രൊസിക്യൂട്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്കി. 2022-ലെ ‘ഹിജാബ് വിരുദ്ധ’ പ്രക്ഷോഭത്തിന് ശേഷം ഇറാന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭമായി ഇത് മാറിക്കഴിഞ്ഞു.
