മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് റഷ്യ. തകര്‍ക്കപ്പെട്ട ഡ്രോണുകളില്‍ നിന്ന് വീണ്ടെടുത്ത ഡാറ്റാ വിവരങ്ങള്‍ ഇതിനായി ഡീകോഡ് ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്നെന്ന റഷ്യയുടെ വാദം യുഎസ് ഇന്റലിജന്‍സ് തള്ളിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം.
ഡിസംബര്‍ 29-ന് നോവ്‌ഗൊറോഡ് മേഖലയിലെ റഷ്യന്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോണുകളുടെ സഞ്ചാരപഥം പരിശോധിച്ചതില്‍ നിന്ന് ഇവയുടെ അന്തിമ ലക്ഷ്യം ഈ വസതിയായിരുന്നുവെന്ന് വ്യക്തമായതായി റഷ്യ അവകാശപ്പെടുന്നു. 91 ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ ആക്രമണത്തിന് മുതിര്‍ന്നത്. ഇവയെല്ലാം റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായും അധികൃതര്‍ വ്യക്തമാക്കി.

തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറാനാണ് റഷ്യന്‍ തീരുമാനം. റഷ്യന്‍ പ്രസിഡന്റിനെ വധിക്കാന്‍ യുക്രെയ്ന്‍ ശ്രമിച്ചെന്ന ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് നേരത്തെ വ്യക്തമാക്കിയത്. റഷ്യയുടെ വാദം പച്ചക്കള്ളമാണെന്നും സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് പോകാനുള്ള തന്ത്രമാണിതെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും പ്രതികരിച്ചിരുന്നു.
നിലവില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഈ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകളിലെ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍ ആക്രമണത്തെ ‘ഭീകരപ്രവര്‍ത്തനം’ എന്നാണ് ക്രെംലിന്‍ വിശേഷിപ്പിച്ചത്.
