ഓട്ടവ : യുഎസ്-കാനഡ അതിർത്തി വഴി അനധികൃതമായി വാഷിങ്ടണിലേക്ക് കടന്നതിനും ഫെഡറൽ ഓഫീസറെ ആക്രമിച്ചതിനും കനേഡിയൻ പൗരയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു. ചൊവ്വാഴ്ച ബ്രിട്ടിഷ് കൊളംബിയയിലെ സറേയ്ക്ക് സമീപം പീസ് ആർച്ച് അതിർത്തി ക്രോസ്സിങ്ങിൽ യുവതിയെ തടഞ്ഞതായി ഉദ്യോഗസ്ഥർ പറയുന്നു. കൈവശം കഞ്ചാവ് കൈവശം വെച്ചതിനാണ് യുവതിയുടെ പ്രവേശനം തടഞ്ഞതെന്ന് യുഎസ് ജില്ലാ കോടതി രേഖകൾ സൂചിപ്പിക്കുന്നു.

തുടർന്ന്, ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് പരസ്പരം സന്ദർശിക്കാൻ കഴിയുന്ന പീസ് ആർച്ച് സ്റ്റേറ്റ് പാർക്കിലെ ബഫർ സോണിൽ യുവതി എത്തിയതായി എഫ്ബിഐ പറയുന്നു. അതിർത്തി ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട യുവതി അസഭ്യം പറയുകയും അറസ്റ്റ് ചെറുക്കുകയും ഒരു വനിതാ സൂപ്പർവൈസറുടെ മുഖത്ത് ചവിട്ടുകയും ചെയ്തുവെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം തന്റെ പ്രതിശ്രുത വരനെ കാണാനാണ് താൻ അതിർത്തിയിൽ എത്തിയതെന്നും ആരെയും മനഃപൂർവ്വം ആക്രമിച്ചിട്ടില്ലെന്നും യുവതി മൊഴി നൽകി.
