മൺട്രിയോൾ : മോണ്ടെറെഗി മേഖലയിലെ മേരിവില്ലിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. സെയിൻ്റ്-മാരി സ്ട്രീറ്റിലെ നാല് യൂണിറ്റുകളുള്ള കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെ 2:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൾ മരിച്ചതായി സുറെറ്റെ ഡു കെബെക്ക് (എസ്‌ക്യു) വക്താവ് ലോറി അവോയിൻ അറിയിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് മറ്റൊരാളെ കൂടി പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച ഒരു സ്ത്രീയെ പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റാർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിൽ കെട്ടിടം പൂർണ്ണമായി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ സുറെറ്റെ ഡു കെബെക്ക് അന്വേഷണം ആരംഭിച്ചു.
