ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയക്കെതിരായ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമാധാനപരമായ പ്രതിഷേധക്കാരെ വധിക്കുന്നതിനെതിരെ യുഎസ് പ്രസ്ഡന്റ് ഡോണൾഡ് ട്രംപ് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി. ഇറാനിലെ ജനങ്ങളെ അമേരിക്ക സഹായിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ഭരണകൂടത്തിന്റെ നടപടികളെ ശക്തമായി വിമർശിച്ചു.
ഇറാനിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ കർശന ജാഗ്രതാനിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളും യുഎസ് ആക്രമണ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് കേന്ദ്രം അറിയിച്ചു.

നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. കൃത്യമായ വിവരങ്ങൾക്കായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും വാർത്തകളും നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
