ഓട്ടവ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ കാനഡയിലെ പ്രമുഖ എണ്ണ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കനേഡിയൻ നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡിന്റെ ഓഹരികൾ എട്ട് ശതമാനത്തോളം ഇടിഞ്ഞ് 43.33 ഡോളറിലെത്തി. ഇതിനുപുറമെ സെനോവസ് എനർജി, സൺകോർ എനർജി തുടങ്ങിയ വമ്പൻ കമ്പനികളുടെ ഓഹരി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ലോകത്തിലെ തന്നെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങളും വർഷങ്ങളായുള്ള അനാസ്ഥയും വെനസ്വേലയുടെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചിരുന്നു. വെനസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനായി യുഎസ് എണ്ണ കമ്പനികൾക്കായി ഒരു പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരുന്നു.
