ന്യൂയോർക്ക്: തനിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ നിഷേധിക്കുന്നതായും താൻ മാന്യനും നിരപരാധിയാണെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ന്യൂയോർക്ക് കോടതിയിൽ. അമേരിക്ക സൈനിക നീക്കത്തിലൂടെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽനിന്ന് പിടികൂടി രണ്ട് ദിവസം പിന്നിടുമ്പോഴാണ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും കോടതിയിൽ ഹാജരാക്കിയത്. മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യു.എസിലേക്ക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ച 25 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. മഡുറോയെയും, ഭാര്യ സിലിയ ഫ്‌ളോറസിനേയും യു.എസ് ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് പിടികൂടിയത്. ഇരുവരേയും പുലർച്ചെ കാരക്കസിൽനിന്ന് ബലം പ്രയോഗിച്ച് യു.എസിലെത്തിക്കുകയായിരുന്നു. ഹെലിക്കോപ്റ്ററുകളിലും ഫൈറ്റർ ജെറ്റുകളിലും നാവികസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇതിനിടെ മഡുറോയെ യു.എസ് സൈന്യം പിടികൂടിയ നടപടിയിൽ യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണോ ഈ സൈനിക നീക്കം നടന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ നടപടി വെനസ്വേലയിലെ ആഭ്യന്തര സാഹചര്യം കൂടുതൽ വഷളാക്കുമെന്നും മേഖലയിലാകെ അസ്ഥിരതയുണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും അന്താരാഷ്ട്ര മര്യാദകളിലും ഈ സംഭവം മോശം കീഴ്വഴക്കം സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വെനസ്വേല യിലെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ ജനാധിപത്യപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനപരമായ മുന്നേറ്റത്തിന് യുഎന്നിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേ സമയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അമേരിക്കയുടെ നടപടിയെ അധിനിവേശ കുറ്റം എന്ന് വിശേഷിപ്പിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച നടന്ന അടിയന്തര യോഗത്തിൽ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ അമേരിക്കയെ രൂക്ഷമായി വിമർശിച്ചു. ബ്രസീൽ, ചൈന, കൊളംബിയ, ക്യൂബ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ സൈനിക നീക്കത്തെ അപലപിച്ചു. ഒരു പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
