വാഷിങ്ടൻ: വെനസ്വേലയിൽ ആക്രമണം നടത്തി യുഎസ് പിടിച്ചുകൊണ്ടുവന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. തടവുകേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിലും കവചിത വാഹനത്തിലുമായാണ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും കോടതിയിൽ ഹാജരാക്കിയത്. ആയുധധാരികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും ഇവർക്കുണ്ടായിരുന്നു. 2020 ൽ റജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണു മഡുറോ വിചാരണ നേരിടുക.
ടൺ കണക്കിനു കൊക്കെയ്ൻ യുഎസിലേക്ക് കടത്താൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെയുള്ള 25 പേജുള്ള കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വെനസ്വേലയിൽ യുഎസ് സൈന്യം ഓപ്പറേഷൻ നടത്തി മഡുറോയെയും ഭാര്യയേയും പിടികൂടിയത്. ശേഷം യുഎസ് നേവിയുടെ കപ്പലിലാണ് അമേരിക്കയിൽ എത്തിച്ചത്. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ തടവുപാളയത്തിലാണ് ഇവരെ പാർപ്പിച്ചത്.

അതേസമയം കോടതിയിൽ മഡുറോയ്ക്കും അഭിഭാഷകൻ ഉണ്ടാവും. വെനസ്വേലയുടെ ഭരണത്തലവൻ എന്ന പരിഗണനയിൽ മഡുറോയെ വിചാരണയിൽനിന്ന് ഒഴിവാക്കണമെന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടേക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മഡുറോയുടെ 2024ലെ തിരഞ്ഞെടുപ്പ് വിജയത്തെ യുഎസ് അംഗീകരിക്കാത്തിടത്തോളം ഈ വാദം നിലനിൽക്കാൻ സാധ്യതയില്ല. മഡുറോയെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്നാണ് നിലവിലെ വെനസ്വേലയുടെ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുന്നത്.
