സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ വൈദ്യുതി നിരക്ക് അമിതമായി വർധിക്കുന്നത് സാധരണക്കാരായ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഒട്ടുമിക്ക വീടുകളിലും വൈദ്യുതി ബില്ലിൽ രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിരക്കിലെ വർധനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.
ഗാൻഡർ സ്വദേശിനിയായ വാൻഡ ഡൈക്കിന്റെ അനുഭവം നിലവിലെ സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു. ഉപയോഗത്തിലില്ലാത്ത തന്റെ ഷെഡിന് സാധാരണ ലഭിക്കാറുള്ള 22 ഡോളർ ബില്ല് ഇത്തവണ 207 ഡോളറായാണ് ഉയർന്നതെന്ന് അവർ പറയുന്നു. വീടിന്റെ ബില്ലും സമാനമായി വർധിച്ചു. വിറകടുപ്പുകൾ ഉപയോഗിച്ചിട്ടും ഇത്രയധികം തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വാൻഡ ആരോപിച്ചു. സമാനമായ പരാതിയുമായി കോർണർ ബ്രൂക്കിലെ അലീഷ ബ്ലാഞ്ചാർഡ് ഉൾപ്പെടെയുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

നവംബർ മാസത്തിൽ മാത്രം ബില്ലുകളിലെ അപാകത സംബന്ധിച്ച് 80-ലധികം പരാതികൾ തന്റെ ഓഫീസിൽ ലഭിച്ചതായി പ്രവിശ്യയിലെ കൺസ്യൂമർ അഡ്വക്കേറ്റ് ഡെന്നീസ് ബ്രൗൺ പറഞ്ഞു. ന്യൂഫിൻലൻഡ് പവർ ഉപയോഗിക്കുന്ന പഴയകാല മീറ്ററുകൾ കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാനഡയിലെ മറ്റ് പല പ്രവിശ്യകളിലും നിലവിലുള്ള സ്മാർട്ട് മീറ്ററുകൾ ഇവിടെ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതി ഉപയോഗം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ശൈത്യകാലത്തെ കാലാവസ്ഥ വൈദ്യുതി ഉപയോഗം വർധിപ്പിക്കുന്നു എന്നാണ് ന്യൂഫിൻലൻഡ് പവറിന്റെ വിശദീകരണം. തണുപ്പ് കൂടുമ്പോൾ വീടിനുള്ളിലെ താപനില നിലനിർത്താൻ ഹീറ്ററുകൾ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരുന്നത് ബില്ല് ഉയരാൻ കാരണമാകുന്നു. വീടുകളിലെ വൈദ്യുതി ചെലവിന്റെ 75 ശതമാനവും ഹീറ്റിംഗിനായിട്ടാണ് ചെലവാകുന്നതെന്നും കമ്പനി വക്താക്കൾ അറിയിച്ചു.

അമിത ബില്ലുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് (PUBNL) തീരുമാനിച്ചിട്ടുണ്ട്. 2024-25 ശൈത്യകാലത്തെ ബില്ലിങ് രീതികളും കാലാവസ്ഥാ സ്വാധീനവും ബോർഡ് പരിശോധിക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് ബില്ല് അടയ്ക്കാൻ ‘ഈക്വൽ പേയ്മെന്റ് പ്ലാൻ’ പോലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
