വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ തീരത്ത് ശക്തമായ കാറ്റും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. പ്രിൻസ് റൂപർട്ട് തെക്ക് മുതൽ വൻകൂവർ ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള പോർട്ട് മക്നീൽ വരെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കൂടാതെ വാട്സൺ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന കാസിയാർ പർവതനിരകളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. പ്രിൻസ് റൂപർട്ട്, ടെറസ്, കിറ്റിമാറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. ഒപ്പം മേഖലയിലെ പ്രധാന ഹൈവേകളുടെ ഉൾനാടൻ ഭാഗങ്ങളിലും ഏകദേശം 15 സെന്റീമീറ്റർ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

മധ്യ തീരത്തും വടക്കൻ വാൻകൂവർ ദ്വീപിലും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദ ഗ്വായിയുടെ പടിഞ്ഞാറൻ തീരത്ത് ഇന്നലെ രാത്രി മണിക്കൂറിൽ 105 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. സാർട്ടൈൻ ദ്വീപിൽ മണിക്കൂറിൽ 108 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതായി റിപ്പോർട്ടുണ്ട്.
