Monday, February 16, 2026

പൈപ്പ് അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ: കാൽഗറിയിൽ ജല ഉപയോഗം ഉയർന്നു തന്നെ

കാൽഗറി : നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനായ ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും കാൽഗറി നിവാസികൾ ഇതുവരെ പ്രശ്നങ്ങളിൽ നിന്നും കരകയറിയിട്ടില്ല. ജലനിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് സിറ്റി അധികൃതർ പറയുമ്പോളും ജലഉപയോഗം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച ആകെ 493 ദശലക്ഷം ലിറ്ററായിരുന്നു ജലഉപയോഗമെങ്കിൽ ഞായറാഴ്ച അത് 509 ദശലക്ഷം ലിറ്ററായി ഉയർന്നു. നഗരത്തിലുടനീളം പൂർവ്വ സ്ഥിതിയിൽ ജലവിതരണം സാധ്യമാക്കുന്നതിനും ഭൂഗർഭ ജലസംഭരണികൾ വീണ്ടും നിറയ്ക്കുന്നതിനും 485 ദശലക്ഷം ലിറ്ററോ അതിൽ കുറവോ ആയി ജലഉപയോഗം കുറയ്ക്കണം.

പുതിയ പൈപ്പിൽ വെള്ളം നിറയ്ക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും ഗുണനിലവാര പരിശോധനകൾക്ക് ശേഷം നിയന്ത്രണങ്ങൾ നീക്കുമെന്നും ഇൻഫ്രാസ്ട്രക്ചർ സർവീസസ് ജനറൽ മാനേജർ മൈക്കൽ തോംസൺ വ്യക്തമാക്കി. ആൽബർട്ട ഹെൽത്ത് സർവീസസുമായി ചേർന്നായിരിക്കും ഗുണനിലവാര പരിശോധന നടത്തുക. നിലവിൽ കുളിക്കുന്നതിനും പാത്രം കഴുകുന്നതിനുമടക്കം വെള്ളം മിതമായി ഉപയോഗിക്കണമെന്നും ഇത് ആശുപത്രികൾക്കും അഗ്നിശമന സേനയ്ക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു. ഡിസംബർ 30-ന് നഗരത്തിലെ 60 ശതമാനത്തോളം വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ തകർന്നതോടെയാണ് 16 ലക്ഷം വരുന്ന ജനങ്ങൾക്ക് കടുത്ത ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!