മൺട്രിയോൾ : കെബെക്ക് ബാസ്-സെൻ്റ്-ലോറൻ്റ് മേഖലയിൽ സെമി-ട്രെയിലർ ട്രക്കുകളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വിയ റെയിൽ ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ സെൻ്റ്-അലക്‌സാണ്ട്രെ-ഡി-കമൗറാസ്കയിലാണ് അപകടം. ട്രെയിൻ നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സിലേക്കുള്ള യാത്രാ മധ്യേയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ ആദ്യ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.

അപകടസമയത്ത് രണ്ട് സെമി-ട്രെയിലർ ട്രക്കുകളിലുമായി നാല് പേർ ഉറങ്ങുന്നുണ്ടായിരുന്നു. ഇവർക്കും വിയ റെയിൽ ട്രെയിനിലുണ്ടായിരുന്ന 124 യാത്രക്കാർക്കും പരുക്കേറ്റിട്ടില്ല. യാത്രക്കാരെ പിന്നീട് ബസിൽ ഹാലിഫാക്സിലേക്ക് എത്തിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാൽ മറ്റൊരു വിയ ട്രെയിനിലെ യാത്രക്കാരെയും ബസിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സെമി-ട്രെയിലർ ട്രക്കുകൾ റെയിൽ പാളത്തിന് വളരെ അടുത്തായാണ് പാർക്ക് ചെയ്തിരുന്നതെന്ന് സുറെറ്റെ ഡു കെബെക്ക് (SQ) അറിയിച്ചു. സംഭവത്തിൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.
