ഷാർലെറ്റ്ടൗൺ : അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങളുടെ വിൽപന പുനരാരംഭിച്ചതോടെ ആകെ സ്റ്റോക്കിന്റെ 25 ശതമാനവും വിറ്റഴിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡ്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് മറുപടിയായി മാറ്റിവെച്ച 32 ലക്ഷം ഡോളർ മൂല്യമുള്ള സ്റ്റോക്കാണ് കഴിഞ്ഞ മാസം വീണ്ടും വിപണിയിലെത്തിച്ചത്. നിലവിലുള്ള സ്റ്റോക്ക് വിറ്റുതീരുന്നതോടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇനി ഓർഡർ ചെയ്യില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഈ വിൽപനയിലൂടെ ലഭിക്കുന്ന ലാഭവിഹിതമായ 6 ലക്ഷം ഡോളർ ഐലൻഡിലെ ഫുഡ് ബാങ്കുകൾക്ക് സംഭാവന ചെയ്യാനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം.

നിലവിൽ വിറ്റുപോയ ഉൽപ്പന്നങ്ങളിൽ പകുതി വീതം വൈനും സ്പിരിറ്റുമാണ്. ബോർബൻ, വോഡ്ക, കാലിഫോർണിയൻ റെഡ് വൈൻ എന്നിവയ്ക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ളത്. നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തുടങ്ങിയ മറ്റ് അറ്റ്ലാന്റിക് പ്രവിശ്യകളും സമാനമായ രീതിയിൽ അമേരിക്കൻ മദ്യശേഖരം വിറ്റഴിക്കുകയും അതിന്റെ ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. ഈ വിൽപനയിലൂടെ സമാഹരിക്കുന്ന തുക അർഹരായവർക്ക് കൃത്യമായി എത്തിക്കുന്നതിനായി ഫിനാൻസ് ഡിപ്പാർട്ട്‌മെന്റും സോഷ്യൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
