വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത കാലത്തെ തന്റെ നഗ്നചിത്രങ്ങൾ പുനഃസൃഷ്ടിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടെക് ഭീമൻ ഇലോൺ മസ്‌കിന്റെ മകൻ റോമുലസിന്റെ അമ്മയും എഴുത്തുകാരിയുമായ ആഷ്ലി സെന്റ് ക്ലെയർ. ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിലാണ് മസ്‌കിന്റെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് കമ്പനിയായ ഗ്രോക്കിനെതിരെ ആഷ്‌ലി പരാതി നൽകിയത്. എ.ഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് തന്റെ സ്വകാര്യ ചിത്രങ്ങൾ സൃഷ്ടിച്ചതായാണ് ആഷ്‌ലിയുടെ ആരോപണം. താൻ പ്രായപൂർത്തിയാകാത്ത കാലത്തുള്ള ചിത്രങ്ങളാണത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിൽ ഉപയോഗിച്ചിരിക്കുന്ന എ.ഐ ടൂൾ സ്വകാര്യ ചിത്രങ്ങൾ നിർമ്മിക്കുന്നത് നിർത്തുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് ഇപ്പോഴും തുടരുന്നതായി അവർ അവകാശപ്പെടുന്നു. ഒരു വയസ്സുള്ള മകന്റെ പൂർണ്ണ സംരക്ഷണാവകാശം ആവശ്യപ്പെടുമെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയതിൻ്റെ പിന്നാലെയാണ് ആഷ്‌ലി കേസ് ഫയൽ ചെയ്തത്. ഒരു വയസ്സുള്ള കുട്ടിയെ ലിംഗമാറ്റം നടത്താൻ സാധ്യതയുള്ളതിനാൽ പൂർണ്ണ സംരക്ഷണാവകാശത്തിനായി ഫയൽ ചെയ്യുമെന്നായിരുന്നു മസ്‌ക് എക്‌സിൽ കുറിച്ചത്.

എന്നാൽ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് തന്നോട് പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ട് വരുമാനരഹിതമാക്കുകയും കുട്ടിക്കാലത്തേത് ഉൾപ്പെടെയുള്ള, നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായാണ് ആഷ്‌ലി പരാതിയിൽ പറയുന്നത്. ആഷ്ലി സെന്റ് ക്ലെയർ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നും താൻ ഒരിക്കലും അതിന് സമ്മതിക്കില്ലെന്ന് എക്‌സിനും ഗ്രോക്കിനും അറിവുണ്ടായിരുന്നു എന്നാണ് ആഷ്‌ലിയുടെ ആരോപണം. മറ്റൊരാളും അനുഭവിക്കാത്ത അത്രയും അപമാനം ഗ്രോക്കിൽ ആഷ്ലി സെന്റ് ക്ലെയർ അനുഭവിച്ചെന്നും അനുമതിയില്ലാതെ അപമാനകരമായ ചിത്രങ്ങൾ സൃഷ്ടിച്ച് എക്‌സിൽ പ്രസിദ്ധീകരിച്ച് ഉപദ്രവിച്ചതിനാലാണ് കേസ് ഫയൽ ചെയ്തതെന്നും ആഷ്ലിയുടെ അഭിഭാഷകയായ കാരി ഗോൾഡ്ബെർഗ് പറഞ്ഞു.
