ഓട്ടവ : ഗ്രീൻലാൻഡിൽ നടക്കുന്ന നാറ്റോ സൈനികാഭ്യാസത്തിന്റെ ഭാഗമാകാൻ സൈനിക സംഘത്തെ അയക്കാൻ ഒരുങ്ങി കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനായുള്ള പദ്ധതികൾ പരിശോധിച്ച് വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും കാനഡ എപ്പോഴും പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം തന്നെ ഗ്രീൻലാൻഡിലേക്ക് സൈനിക ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. സഖ്യകക്ഷികളുമായുള്ള ഐക്യം പ്രകടിപ്പിക്കാനാണ് കാനഡയുടെ ശ്രമം.

വരാനിരിക്കുന്ന വലിയ സൈനികാഭ്യാസങ്ങൾക്കുള്ള മുന്നൊരുക്കമായാണ് ഇപ്പോൾ സൈന്യത്തെ അയക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിന് മേൽ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
