ഫ്രെഡറിക്ടൺ : വെള്ളമോ ശൗചാലയ സൗകര്യമോ ഇല്ലാത്ത ആംബുലൻസ് ബേകളിൽ രോഗികളെ പാർപ്പിക്കുന്ന ന്യൂ ബ്രൺസ്വിക്കിലെ ചാൽമേഴ്സ് ഹോസ്പിറ്റലിന്റെ നടപടി വിവാദമാകുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് ഇത്തരമൊരു ‘മെഡിക്കൽ ട്രാൻസിഷൻ യൂണിറ്റ്’ പ്രവർത്തിപ്പിക്കേണ്ടി വരുന്നതെന്ന പ്രീമിയർ സൂസൻ ഹോൾട്ടിന്റെ വാദത്തെ സ്പെഷ്യൽ കെയർ ഹോം ഉടമകൾ തള്ളി. കാനഡ പോലൊരു രാജ്യത്ത് രോഗികളെ ഇത്തരം മോശം സാഹചര്യങ്ങളിൽ താമസിപ്പിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്പെഷ്യൽ കെയർ ഹോമുകളിൽ അഞ്ഞൂറിലധികം കിടക്കകൾ ഒഴിവുണ്ടായിട്ടും സർക്കാർ അത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പ്രധാന പരാതി. ആശുപത്രികളിൽ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത, എന്നാൽ പരിചരണം ആവശ്യമായ മുതിർന്ന പൗരന്മാരെ ഈ കെയർ ഹോമുകളിലേക്ക് മാറ്റിയാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ പറയുന്നു. കോവിഡ് കാലത്ത് നടപ്പിലാക്കിയതുപോലെ രോഗികളെ വേഗത്തിൽ കെയർ ഹോമുകളിലേക്ക് മാറ്റാൻ നടപടി വേണമെന്നും, ഭരണപരമായ കാലതാമസമാണ് ഇതിന് തടസ്സമാകുന്നതെന്നും സ്പെഷ്യൽ കെയർ ഹോം അസോസിയേഷൻ കുറ്റപ്പെടുത്തി.
