പി പി ചെറിയാൻ
ഡാലസ് : അതിശൈത്യത്തെ നേരിടാൻ ഡാലസ് സിറ്റിയും സന്നദ്ധ സംഘടനകളും ചേർന്ന് ഫെയർ പാർക്കിൽ (Fair Park) താൽക്കാലിക അഭയകേന്ദ്രം ഒരുക്കി. വടക്കൻ ടെക്സസിൽ ഈ വാരാന്ത്യത്തിൽ താപനില അപകടകരമായ രീതിയിൽ താഴുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. ഏകദേശം 1,300 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന അഭയകേന്ദ്രം വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഫെയർ പാർക്കിലെ ‘ഓട്ടോമൊബൈൽ ബിൽഡിങിൽ’ പ്രവർത്തിച്ചു തുടങ്ങും.

‘ഓസ്റ്റിൻ സ്ട്രീറ്റ് സെന്‍റർ’, ‘അവർ കോളിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അഭയകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രാത്രികാല താപനില ഐസിങ് പോയിൻ്റിന് (Freezing point) മുകളിൽ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കും.തെരുവുകളിൽ കഴിയുന്നവർക്കും ശൈത്യത്തിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
