പി പി ചെറിയാൻ
ഡാലസ് : ഡാലസിലെ വുഡ്രോ വിൽസൺ ഹൈസ്കൂളിന് സമീപമുള്ള പാർക്കിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. സ്കൂളിലെ ഫുട്ബോൾ ടീം അംഗമായ, അവസാന വർഷ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 3:45-ഓടെ വില്ലിസ് സി. വിന്റേഴ്‌സ് പാർക്കിലാണ് വെടിവെപ്പുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്ന് വിദ്യാർത്ഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച സ്കൂളിൽ കൂടുതൽ പൊലീസ് കാവൽ ഏർപ്പെടുത്തുമെന്നും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുമെന്നും ഡാലസ് ഐ.എസ്.ഡി അറിയിച്ചു. നിലവിൽ വിദ്യാർത്ഥികൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
