കെബെക്ക് സിറ്റി: കെബെക്കിന്റെ അടുത്ത പ്രീമിയര്‍ സ്ഥാനത്തേക്കും കൊളീഷന്‍ അവനീര്‍ കെബെക്ക് (CAQ) പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കും താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റീന്‍ ഫ്രെഷെറ്റ്. ഞായറാഴ്ച സ്വന്തം നാടായ ട്രോയിസ്-റിവിയേഴ്‌സില്‍ വെച്ച് ഔദ്യോഗികമായി പ്രചാരണം ആരംഭിക്കും.
നിലവില്‍ സാമ്പത്തിക മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ക്രിസ്റ്റീന്‍ ഫ്രെഷെറ്റ് മുന്‍പ് ഇമിഗ്രേഷന്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനോടകം 11 എം.എന്‍.എമാരുടെയും പ്രമുഖ ക്യാബിനറ്റ് മന്ത്രിമാരുടെയും പിന്തുണ ഉറപ്പാക്കാന്‍ ക്രിസ്റ്റീന് സാധിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി അധികാരത്തിലിരുന്ന ഫ്രാങ്കോയിസ് ലെഗാല്‍ട്ട് ഈ മാസം ആദ്യം രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തിനായി വഴിതുറന്നത്.

ഏപ്രില്‍ പന്ത്രണ്ടിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ബെര്‍ണാഡ് ഡ്രെയിന്‍വില്ലെ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും, കുടുംബപരമായ കാരണങ്ങളാല്‍ താനില്ലെന്ന് നീതിന്യായ മന്ത്രി സൈമണ്‍ ജോലിന്‍-ബാരെറ്റ് വ്യക്തമാക്കി. നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യമുള്ള മന്ത്രിമാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നും നിശ്ചിത എണ്ണം പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയും 30,000 ഡോളര്‍ നിക്ഷേപവും ഉറപ്പാക്കണമെന്നുമാണ് പാര്‍ട്ടി നിയമം.
