ഹാലിഫാക്സ്: നോവസ്കോഷയിൽ അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ, പ്രവിശ്യയിലെ ജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് നോവസ്കോഷ പവർ. പ്രധാനമായും രാവിലെ 7 മണി മുതൽ 11 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെയുമുള്ള സമയങ്ങളിൽ നിയന്ത്രണം പാലിക്കാനാണ് നിർദ്ദേശം. കഠിനമായ കാറ്റും തണുപ്പും കാരണം താപനില മൈനസ് 28 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളതിനാൽ ഹീറ്റിങ് സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുമെന്നും ഇത് പവർ ഗ്രിഡിന് വലിയ സമ്മർദ്ദം ഉണ്ടാക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

അതിശൈത്യത്തോടൊപ്പം ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ പ്രവിശ്യയിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഏകദേശം 20 മുതൽ 40 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റി ജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് .വൈദ്യുതി തടസ്സമുണ്ടായാൽ ഉപയോഗിക്കാൻ ജനറേറ്ററുകളോ മറ്റ് താപ സ്രോതസ്സുകളോ കരുതി വെക്കണമെന്നും അധികൃതർ അറിയിച്ചു.
