ദുബായ് : ടി20 ലോകകപ്പിന് തൊട്ടുമുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഐസിസിയെ വിമർശിച്ചും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി നടത്തിയ പരാമർശങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്. ലോകകപ്പിൽ നിന്ന് പിന്മാറാനാണ് തീരുമാനമെങ്കിൽ പാക്കിസ്ഥാനെതിരെ കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി അന്ത്യശാസനം നൽകി.
ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നാൽ പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകത്ത് നിന്ന് ഒറ്റപ്പെടുത്തുന്ന നടപടികളാകും ഐസിസി സ്വീകരിക്കുക. മറ്റ് രാജ്യങ്ങളുമായുള്ള പരമ്പരകൾക്ക് അനുമതി നിഷേധിക്കുക, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾക്ക് എൻഒസി നൽകാതിരിക്കുക, ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്ന് വിലക്കുക തുടങ്ങിയ കർശനമായ നീക്കങ്ങൾ ഐസിസിയുടെ പരിഗണനയിലുണ്ട്. ഇത് പിസിബിയുടെ വരുമാനത്തെയും പാക്ക് ക്രിക്കറ്റിന്റെ വാണിജ്യ മൂല്യത്തെയും തകർക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐസിസിയുടേത് ഇരട്ടത്താപ്പാണെന്നും രാജ്യതാത്പര്യം പരിഗണിച്ചേ തീരുമാനമെടുക്കൂ എന്നുമാണ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ നിലപാട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഈ തർക്കം ക്രിക്കറ്റ് ലോകത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
