മൺട്രിയോൾ: മൺട്രിയോൾ വെസ്റ്റിലെ അപ്പാർട്ട്മെന്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി മൺട്രിയോൾ പൊലീസ് (SPVM) റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതൽ മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഇവരെ ഹഡ്സൺ അവന്യൂവിലെ അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഗ്രേറ്റർ മൺട്രിയോൾ മേഖലയിൽ കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോയ സാഹചര്യത്തിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് SPV) വക്താവ് ആൻ-സോഫി സിമാർഡ് സ്ഥിരീകരിച്ചു.

ഹാംപ്സ്റ്റെഡ് സബ്സ്റ്റേഷനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് ശനിയാഴ്ച മുതൽ മൺട്രിയോളിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കോട്ട് സെന്റ്-ലൂക്ക്, നോട്രെ-ഡാം-ഡി-ഗ്രേസ് (NDG) ഏരിയകളിൽ മാത്രം ഏകദേശം 15,000-ത്തോളം വീടുകളെ വൈദ്യുതി തടസ്സം ബാധിച്ചു. ഞായറാഴ്ച മുതൽ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
