മൺട്രിയോൾ: നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ, ഈ സീസണിലെ അഞ്ചാമത്തെ മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾക്ക് മൺട്രിയോൾ സിറ്റി തുടക്കം കുറിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ആദ്യ ട്രക്കുകൾ നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 3,000 തൊഴിലാളികളെയും 2,500-ഓളം വാഹനങ്ങളെയുമാണ് 11,000 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന നഗരപാതകളിലെ മഞ്ഞ് മാറ്റാനായി വിന്യസിച്ചിരിക്കുന്നത്.

ജീവനക്കാരുടെ കുറവ് മൂലം മഞ്ഞ് നീക്കം ചെയ്യുന്ന നടപടികൾ വൈകുമെന്ന് സിറ്റി നേരത്തെ അറിയിച്ചിരുന്നെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതൽ മഞ്ഞ് അടിഞ്ഞുകൂടിയതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ തീരുമാനം മാറ്റുകയായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാർക്കിങ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും അതത് ബറോകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.
അതേസമയം ഈ ആഴ്ചയിലുടനീളം തണുപ്പും മഞ്ഞുവീഴ്ചയും തുടരാനാണ് സാധ്യത. ചൊവ്വാഴ്ച ഉച്ചയോടെ നേരിയ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും എൻവയൺമെൻ്റ് കാനഡ പറയുന്നു. രാത്രിയോടെ മഞ്ഞുവീഴ്ച കുറയുമെങ്കിലും താപനില മൈനസ് 18 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ കടുത്ത തണുപ്പ് തുടരുമെങ്കിലും ശനിയാഴ്ചയോടെ തെളിഞ്ഞ കാലാവസ്ഥയും ഞായറാഴ്ചയോടെ താപനിലയിൽ നേരിയ വർധന ഉണ്ടായേക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
