ഫ്രെഡറിക്ടൺ : ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന പ്രത്യേക പൊലീസ് സംവിധാനം നടപ്പിലാക്കാൻ ന്യൂബ്രൺസ്‌വിക്ക് സർക്കാർ. ഇതേപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചതായി തദ്ദേശീയ കാര്യ മന്ത്രി കീത്ത് ചിയാസൺ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഫസ്റ്റ് നേഷൻ വിഭാഗക്കാർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഏറ്റവും ഒടുവിലായി നെക് ടുകൂക് സമുദായത്തിലെ യുവാവ് ആർസിഎംപി വെടിയേറ്റ് മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതേസമയം, സ്വന്തമായി പൊലീസ് സേന വേണമെന്ന ഗോത്ര നേതാക്കളുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി സർക്കാർ അറിയിച്ചു.

എന്നാൽ, നിലവിൽ ആർസിഎംപി കൈകാര്യം ചെയ്യുന്ന സുരക്ഷാ ചുമതലകൾ തദ്ദേശീയർക്ക് കൈമാറുന്നതിലെ നിയമപരമായ സങ്കീർണ്ണതകൾ പരിഹരിക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി മിക്മാവ് (Mi’kmaw) സമുദായങ്ങളിൽ നിലവിലുള്ള ‘പീസ്കീപ്പർ’ പദ്ധതി മറ്റ് ഗോത്രവർഗ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. പീസ്കീപ്പർമാർ ആർസിഎംപിയുമായി സഹകരിച്ച് സമുദായത്തിലെ സുരക്ഷാ കവാടമായി പ്രവർത്തിക്കും. പടിപടിയായി പൂർണ്ണ സജ്ജമായ ഒരു പൊലീസ് സേന രൂപീകരിക്കുന്നതിലൂടെ പൊലീസും തദ്ദേശീയരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
