സെന്റ് ജോൺസ് : ഫെഡറൽ സർക്കാരിന്റെ ഗൺ ബൈ ബാക്ക് പ്രോഗ്രാമിൽ നിന്ന് പിന്മാറി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. രാജ്യത്തിന്റെ പൊതുസുരക്ഷാ മുൻഗണനകളുമായി പദ്ധതി ഒത്തുപോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രീമിയർ ടോണി വേക്ക്ഹാം തീരുമാനം പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായി തോക്കുകൾ ഉപയോഗിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിന് പകരം, വേട്ടയാടൽ ഉപജീവനമാക്കിയ സാധാരണക്കാരെയും വേട്ടക്കാരെയും ലക്ഷ്യം വെക്കുന്നതാണ് ഈ നിയമമെന്നും, പദ്ധതിക്കായി മാറ്റിവെച്ച തുക കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത രണ്ടായിരത്തി അഞ്ഞൂറിലധികം മോഡൽ തോക്കുകൾ നിരോധിക്കാനും അവ ഉടമകളിൽ നിന്ന് പണം നൽകി തിരിച്ചെടുക്കാനുമാണ് ഫെഡറൽ സർക്കാർ പദ്ധതിയിട്ടത്. ഏകദേശം 24.86 കോടി ഡോളറാണ് ഇതിനായി വകയിരുത്തിയിരുന്നത്. എന്നാൽ, ഇത്തരം നടപടികൾ പൊലീസ് സംവിധാനത്തിന് അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്നും ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രവിശ്യാ സർക്കാർ വ്യക്തമാക്കി. ഇതോടെ ആൽബർട്ട, മാനിറ്റോബ, ഒന്റാരിയോ തുടങ്ങി ഈ പദ്ധതിയോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആറാമത്തെ പ്രവിശ്യയായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ മാറി.
