വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരത്ത് വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ ഈ മേഖലയിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദത്തെ തുടർന്ന് മെട്രോ വൻകൂവറിൽ 12 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വൻകൂവർ, നോർത്ത് വൻകൂവർ, വെസ്റ്റ് വൻകൂവർ, ബർണബി, ന്യൂ വെസ്റ്റ്മിൻസ്റ്റർ, കോക്വിറ്റ്ലാം, മേപ്പിൾ റിഡ്ജ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കും. തുടർന്ന് വ്യാഴാഴ്ച രാവിലെ മഴ കുറയും. എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നും ഏജൻസി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മഴ കുറയും. എന്നാൽ, കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും.
