വൻകൂവർ : കാനഡയിൽ നിന്ന് വിഘടിച്ച് സ്വതന്ത്ര രാജ്യമാകാൻ ആഗ്രഹിക്കുന്ന ആൽബർട്ടയിലെ വിഘടനവാദികൾ യുഎസ് ഭരണകൂടവുമായി ചർച്ച നടത്തുന്നതിനെതിരെ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി രംഗത്ത്. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സ്വന്തം രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹം ആണെന്ന് ഓട്ടവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് (APP) എന്ന സംഘടന ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ രൂക്ഷവിമർശനം. സ്വതന്ത്ര രാജ്യമായി മാറുന്നതിന് 50000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഇവർ അമേരിക്കയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയുടെ പരമാധികാരത്തെ മാനിക്കാത്ത വിദേശ ശക്തികളുടെ സഹായം തേടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എബി വ്യക്തമാക്കി.

അതേസമയം, ആൽബർട്ടയെ വിഭജിക്കുന്നതിനെതിരെ കാനഡയിലെ മറ്റ് പ്രീമിയർമാരും ശക്തമായ നിലപാടെടുത്തു. ആൽബർട്ടയെ അമേരിക്കയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ പ്രസ്താവനകളെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അപലപിച്ചു. കാനഡയെ ദുർബലപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ആൽബർട്ട കാനഡയ്ക്കുള്ളിൽ പരമാധികാരത്തോടെ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രീമിയർ സ്മിത്ത് ആവർത്തിച്ചു. നിലവിൽ ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും വിഘടനവാദത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും, ഹിതപരിശോധനയ്ക്കായി ആവശ്യമായ ഒപ്പുകൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് വിഘടനവാദി സംഘടനകൾ.
