മൺട്രിയോൾ: വടക്കൻ കെബെക്കിലെ ബേ-ജെയിംസ് മുനിസിപ്പാലിറ്റിയിലെ ക്രീ നേഷൻ ഓഫ് മിസ്റ്റിസിനിയിൽ നടന്ന വെടിവെപ്പിനെത്തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെടിവെപ്പിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ടതായും സ്ഥിതിഗതികൾ ഗുരുതരമാണെന്നും ക്രീ നേഷൻ ഓഫ് മിസ്റ്റിസിനി ചീഫ് മൈക്കൽ പെറ്റവാബാനോ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വെടിവെപ്പിനെത്തുടർന്ന് പ്രദേശത്തെ സ്കൂളുകൾ, ഓഫീസുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം താൽക്കാലികമായി അടച്ചു.ഈയൂ ഈനു പൊലീസ് സേനയും (EEPF) സുറ്റെരു ഡു കെബെക്കും (SQ) സംയുക്തമായാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രദേശം സുരക്ഷിതമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത് വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
