എഡ്മിന്റൻ : ആൽബർട്ടയിലെ എണ്ണ ഏഷ്യൻ വിപണികളിലെത്തിക്കുന്നതിനായി പുതിയ പൈപ്പ്‌ലൈൻ പാതകൾ കണ്ടെത്താൻ ധാരണയിലെത്തി പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും. ബ്രിട്ടിഷ് കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ മാത്രം ആശ്രയിക്കാതെ, തെക്ക്, കിഴക്ക് അല്ലെ ങ്കിൽ വടക്ക് ദിശകളിലൂടെയുള്ള ഇതര പാതകളും പരിഗണനയിലുണ്ടെന്ന് ഓട്ടവയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സ്മിത്ത് വ്യക്തമാക്കി. എൻബ്രിഡ്ജിന്റെ പ്രധാന ലൈൻ വികസിപ്പിക്കുകയോ പഴയ കീസ്റ്റോൺ ആസ്തികൾ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

ബിസി പ്രീമിയർ ഡേവിഡ് എബി നിലവിൽ വടക്കൻ തീരത്തെ ടാങ്കർ നിരോധനം നീക്കുന്നതിനെ ശക്തമായി എതിർക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. നേരത്തെ ഒപ്പിട്ട കരാർ പ്രകാരം കാർബൺ വിലനിർണ്ണയത്തിൽ ആൽബർട്ട വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പൈപ്പ്‌ലൈൻ പദ്ധതികൾക്ക് ഫെഡറൽ സർക്കാർ പച്ചക്കൊടി കാട്ടിയിരുന്നു. ജൂൺ മാസത്തോടെ പദ്ധതിയുടെ രൂപരേഖ സമർപ്പിക്കാനാണ് ആൽബർട്ടയുടെ നീക്കം. തദ്ദേശീയ ജനവിഭാഗങ്ങളുടെ പിന്തുണയും സാങ്കേതികവും സാമ്പത്തികവുമായ ലാഭക്ഷമതയും കണക്കിലെടുത്താകും അന്തിമ പാത നിശ്ചയിക്കുകയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
