എഡ്മിന്റൻ : ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ (UCP) ചില എംഎൽഎമാർ ഒപ്പുവെച്ചതായി റിപ്പോർട്ട്. ഈ ക്യാമ്പയിന് നേതൃത്വം നൽകുന്ന ‘സ്റ്റേ ഫ്രീ ആൽബർട്ട’യുടെ അഭിഭാഷകൻ ജെഫ് റാത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആൽബർട്ടയുടെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പല ജനപ്രതിനിധികളും ഹർജിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെയ് മാസത്തിനുള്ളിൽ ഏകദേശം 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

അതേസമയം, കാനഡയിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരെ താൻ തള്ളിക്കളയില്ലെന്നും, കാനഡയ്ക്ക് ഒരുമിച്ച് മുന്നോട്ട് പോകാനാകുമെന്ന് പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടതെന്നും ഡാനിയൽ സ്മിത്ത് പ്രതികരിച്ചു. ആൽബർട്ടയെ സ്വതന്ത്ര രാജ്യമാക്കാൻ യുഎസിൽ നിന്ന് 50000 ഡോളറിന്റെ ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി ജെഫ് റാത്ത് സ്ഥിരീകരിച്ചെങ്കിലും, അത് വെറും ചർച്ചകൾ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
